ഇടുക്കി: ചിന്നക്കനാല്‍ സിങ്കുകണ്ടത്ത് അമ്മയോടൊപ്പം പോകുമ്പോള്‍ കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയെ സിപിഎം നേതാക്കള്‍ സന്ദര്‍ശിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയുണ്ടായ കാട്ടാന ആക്രമണത്തില്‍ അമ്മ മാരിക്ക് ജീവന് നഷ്ടപ്പെട്ടിരുന്നു. ഒപ്പമുണ്ടായിരുന്ന മകന് രക്ഷാനാണ് ഗുരുതര പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നത്.
വനം ഉദ്യോഗസ്ഥര്‍ കുട്ടിക്കൊപ്പം ഉണ്ടാകുമെന്ന് അധികൃതര്‍ പറഞ്ഞിരുന്നെങ്കിലും നടപ്പായില്ലെന്നും ആശുപത്രിച്ചെലവുകള്‍ കൂടാതെ നഷ്ടപരിഹാരം കുട്ടിയുടെ പേരില്‍ ബാങ്കില്‍ നിക്ഷേപിക്കണമെന്നും സിപിഎം ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസ് ആവശ്യപ്പെട്ടു. നേതാക്കളായ എം.എം. മണി, എന്‍.പി. സുനില്‍കുമാര്‍, എം.ജെ. മാത്യു, വി.എന്‍. മോഹനന് എന്നിവരും ഒപ്പമുണ്ടായിരുന്നു.